Sunday, August 16, 2009

മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തു

കറുപ്പെന്ന്‌ നാം വിശ്വസിക്കുന്നതെല്ലാം കറുപ്പല്ല എന്ന് ബോധ്യമാക്കിത്തരികയാണ്‌ ഒരു മലയാളി ഗവേഷകന്റെ കണ്ടുപിടിത്തം.

നിലവില്‍ ഏറ്റവും ഇരുണ്ടതെന്ന്‌ അമേരിക്കന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതിലും 30 മടങ്ങ്‌ ഇരുണ്ട വസ്‌തു രൂപപ്പെടുത്തിയത് അമേരിക്കയിലെ ഹൂസ്റ്റണില്‍ റൈസ്‌ സര്‍വകലാശാലയിലെ നാനോടെക്‌നോളജി വിദഗ്‌ധനായ ഡോ. പുളിക്കല്‍ എം. അജയനാണ്‌.

നാനോടെക്‌നോളജിയുടെ പുത്തന്‍ മുന്നേറ്റം ഇലക്ട്രോണിക്സ് രംഗത്തും സൗരോര്‍ജപാനലുകളുടെ നിര്‍മാണത്തിലും വിപ്ലവം സൃഷ്ടിക്കും.

പ്രകാശവര്‍ണരാജിയിലെ എല്ലാ നിറങ്ങളും ആഗിരണം ചെയ്യുന്നതും, ഒട്ടും പ്രകാശം പ്രതിഫലിപ്പിക്കാത്തതുമായ വസ്‌തുക്കളെയാണ്‌ " ഇരുണ്ടവസ്‌തുക്കള്‍ " എന്ന്‌ വിളിക്കുന്നത്‌.

എത്ര ഇരുണ്ടതെന്ന്‌ കരുതിയാലും വസ്‌തുക്കളെല്ലാം കുറെ പ്രകാശം പ്രതിഫലിപ്പിക്കും.

അതിനാല്‍, ശരിക്കും ഇരുണ്ടവസ്‌തു എന്നത്‌ ഇതുവരെ സൈദ്ധാന്തികതലത്തില്‍ മാത്രമേ സാധ്യമായിരുന്നുള്ളു.

99.9
ശതമാനം പ്രകാശവും ആഗിരണം ചെയ്യാന്‍ ശേഷിയുള്ള വസ്‌തുവിനാണ്‌ ഡോ.അജയനും കൂട്ടരും രൂപംനല്‍കിയിരിക്കുന്നത്‌.

മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തുവാണ്‌ അത്.

ഒറ്റ ആറ്റത്തിന്റെയത്ര മാത്രം വണ്ണമുള്ള കാര്‍ബണ്‍ നാനോ ട്യൂബുകളുടെ നിരകളെ കുറഞ്ഞ സാന്ദ്രതയില്‍ കുത്തനെ ക്രമീകരിച്ചാണ്‌ ഇരുണ്ടവസ്‌തു രൂപപ്പെടുത്തിയത്‌.

ഏത്‌ തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശവും, ഏത്‌ ദിശയില്‍നിന്നെത്തിയാലും ആഗിരണം ചെയ്യാന്‍ ഇതിന്
കഴിയും

"
ഏറ്റവും ഇരുണ്ടവസ്‌തു" എന്ന നിലയ്‌ക്ക്‌ പുതിയ കണ്ടുപിടിത്തം കൂടുതല്‍ മെച്ചപ്പെട്ട സോളാര്‍സെല്ലുകള്‍, സൗരപാനലുകള്‍ തുടങ്ങി ഊര്‍ജരംഗത്ത്‌ വന്‍സ്വാധീനം ഉണ്ടാക്കും.

കൊടുങ്ങല്ലൂരില്‍ , അന്തരിച്ച കെ. മാധവപണിക്കരുടെയും റിട്ടയേര്‍ഡ്‌ അധ്യാപിക രാധ പുളിക്കലിന്റെയും മകനാണ്‌ ഡോ. അജയന്‍.
(
അവലംബം: നാനോ ലറ്റേഴ്‌സ്‌).

No comments:

Post a Comment