Sunday, September 13, 2009

നോര്‍മന്‍ ഏണസ്റ്റ്‌ ബൊര്‍ലോഗ്‌

നൊബേല്‍ പുരസ്‌കാരവും ഇന്ത്യയുടെ പത്മവിഭൂഷണ്‍ ബഹുമതിയും നേടിയ വിഖ്യാത അമേരിക്കന്‍ കാര്‍ഷികശാസ്‌ത്രജ്ഞന്‍ നോര്‍മന്‍ ബൊര്‍ലോഗ്‌ (95) അന്തരിച്ചു.

ലോകചരിത്രത്തില്‍ ഏറ്റവുമധികമാളുകളുടെ ജീവന്‍ രക്ഷിച്ച വ്യക്തി എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള നോര്‍മന്‍ ഏണസ്റ്റ്‌ ബൊര്‍ലോഗ്‌ മെക്‌സിക്കോയിലെ കാര്‍ഷികഗവേഷണത്തിന്റെ നേതൃത്വമേറ്റെടുത്തു നടത്തിയ ഗവേഷണങ്ങളാണ്‌ ഹരിതവിപ്ലവത്തിനു വിത്തുപാകിയത്‌.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യക്ഷാമം
കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അത്‌. അത്യുത്‌പാദനശേഷിയും രോഗപ്രതിരോധക്ഷമതയുമുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചുകൊണ്ടേ ക്ഷാമത്തെ നേരിടാനാകു എന്ന്‌ അദ്ദേഹം മനസ്സിലാക്കി. മികച്ച വിളവ്‌ നല്‍കുന്ന കുറിയ ഇനം ഗോതമ്പിനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ഡോ. എം.എസ്‌. സ്വാമിനാഥന്റെ ക്ഷണം സ്വീകരിച്ച്‌ ഇന്ത്യയിലെത്തിയ ബൊര്‍ലോഗ്‌ ഇവിടെയും ഹരിത വിപ്ലവത്തിന്റെ വിത്തുപാകി.
ലോകരാജ്യങ്ങളെ ക്ഷാമത്തില്‍നിന്ന്‌ കര കയറ്റാന്‍ നേതൃത്വംനല്‍കിയ ബൊര്‍ലോഗ്‌ ഹരിത വിപ്ലവത്തിന്റെ പിതാവ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.
ഹരിതവിപ്ലവം കാരണം 1960നും 1990നുമിടയില്‍ ലോകത്തെ ഭക്ഷ്യധാന്യോത്‌പാദനം ഇരട്ടിയിലേറെയായെന്നാണ്‌ കണക്ക്‌. ഇന്ത്യയും പാകിസ്‌താനുമാണ്‌ ഈ രംഗത്ത്‌ വന്‍നേട്ടം കൈവരിച്ചത്‌.

പട്ടിണികിടന്ന്‌ മരിക്കുമായിരുന്ന ജനലക്ഷങ്ങളെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നയാള്‍ എന്ന്‌ ബൊര്‍ലോഗ്‌ വാഴ്‌ത്തപ്പെട്ടു.
1970ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു.
ഇന്ത്യ 2006ല്‍ അദ്ദേഹത്തെ പത്മവിഭൂഷണ്‍
നല്‍കി ആദരിച്ചു. 2007ല്‍ അമേരിക്ക പരമോന്നത ബഹുമതിയായ കോണ്‍ഗ്രഷണല്‍ മെഡല്‍ നല്‍കി.
ബൊര്‍ലോഗിന്റെ ഹരിത വിപ്ലവത്തെ ഭക്ഷ്യസുരക്ഷയുടെ പര്യായമായാണ്‌ ലോകം സ്വീകരിച്ചത്‌

No comments:

Post a Comment