Wednesday, October 6, 2010

രസതന്ത്ര നൊബേല്‍

'great art in a test tube'

സ്റ്റോക്ക്‌ഹോം: കാര്‍ബണ്‍ പരമാണുക്കള്‍ കൊരുത്തുവെച്ചുള്ള സങ്കീര്‍ണ രാസതന്മാത്രകളുടെ നിര്‍മാണത്തിന് സരളമായ പുതുമാര്‍ഗമാവിഷ്‌കരിച്ച മൂന്നു ശാസ്ത്രജ്ഞര്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കുവെച്ചു. റിച്ചാര്‍ഡ് എഫ്. ഹെക്ക് (79) എന്ന അമേരിക്കക്കാരനും എയ്-ഇച്ചി നെഗിഷി(75), അകിരാ സുസുക്കി(80) എന്നീ ജപ്പാന്‍കാരുമാണ് സമ്മാനം നേടിയത്.

ജീവശരീരത്തിന്റെയും പ്രകൃതിജന്യമരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയുമെല്ലാം അടിസ്ഥാനം കാര്‍ബണ്‍ സംയുക്തങ്ങളാണ്. അതിസങ്കീര്‍ണ ഘടനയുള്ള ഇവ പരീക്ഷണശാലയില്‍ കൃത്രിമമായുത്പാദിപ്പിക്കാന്‍ എളുപ്പമല്ല. ഇത്തരം ഓര്‍ഗാനിക് സംയുക്തങ്ങളുടെ നിര്‍മാണത്തിനു വേണ്ട കാര്‍ബണ്‍ ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള വിദ്യയാണ് ഈ ശാസ്ത്രജ്ഞര്‍ ആവിഷ്‌കരിച്ചത്.

വന്‍കുടലിലെ അര്‍ബുദത്തെയും ഹെര്‍പ്പസ് വൈറസിനെയും ചെറുക്കുന്ന മരുന്നുകള്‍ ഈ വിദ്യ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. കീടനാശിനികളും വളങ്ങളും നിര്‍മിച്ചു. കനംകുറഞ്ഞ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങളിലുപയോഗിക്കാനുള്ള പ്ലാസ്റ്റിക്കും ഇതേ സങ്കേതത്തില്‍ തയ്യാറാക്കി.

പ്രകൃതിജന്യ ഓര്‍ഗാനിക് തന്മാത്രകളോടു കിടപിടിക്കുന്ന കൃത്രിമ രാസവസ്തുക്കളാണ് ഇവരുടെ സാങ്കേതികവിദ്യ ശാസ്ത്രലോകത്തിനു സമ്മാനിച്ചത്.

Tuesday, October 5, 2010




സ്‌റ്റോക്‌ഹോം: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അത്ഭുത പദാര്‍ഥമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍. റഷ്യയില്‍ ജനിച്ച് ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ജോലി നോക്കുന്ന ആന്ദ്രേ ഗെയിനി(51)ന്റെയും കോണ്‍സ്റ്റാന്റിന്‍ നൊവോസെലോവി(36)ന്റെയും കണ്ടെത്തല്‍ വിവരസാങ്കേതിക വിദ്യയുടെയും ഇലക്രേ്ടാണിക്‌സ് വ്യവസായത്തിന്റെയും മുഖഛായ മാറ്റൂ്ഉം

ഒരു പരമാണുവിന്റെ കനം മാത്രമുള്ള കാര്‍ബണ്‍ പാളിയാണ് ഗ്രാഫിന്‍. ലോകത്തിതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കനം കുറഞ്ഞതും ഉറപ്പേറിയതുമായ പദാര്‍ഥം. വൈദ്യുതി കടത്തിവിടുന്ന, ചൂടിനെ ചെറുക്കുന്ന, സുതാര്യമായ ഈ നാനോ പാളി ഭാവിയില്‍ കമ്പ്യൂട്ടറിന്റെയും മൊബൈല്‍ഫോണിന്റെയും ടച്ച് സ്‌ക്രീന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാനാവുമെന്നാണ് കരുതുന്നു. അര്‍ധ ചാലക സിലിക്കണിനെ വൈകാതെ ഇതു പിന്തള്ളിയേക്കാം. സൗരവൈദ്യുത പാനലുകളുള്‍പ്പെടെ സമസ്ത മേഖലകളിലും ഗ്രാഫീന്‍ കടന്നുവരുമെന്നാണ് കരുതുന്നത്.

പെന്‍സില്‍ മുനയിലുപയോഗിക്കുന്ന ഗ്രാഫൈറ്റില്‍ നിന്നെടുത്ത പരമാണുക്കളെ തേനീച്ചക്കൂടിന്റെ ആകൃതിയില്‍ നിരത്തിയാണവര്‍ ഗ്രാഫിന്‍ സൃഷ്ടിച്ചത്. ഇപ്പോഴും പരീക്ഷണശാലയിലൊതുങ്ങുന്ന ഗ്രാഫീന്‍ വന്‍തോതില്‍ രൂപപ്പെടുത്താനുള്ള സങ്കേതങ്ങള്‍ ഇനിയും ആവിഷ്‌കരിക്കേണ്ടതുണ്ട്.